സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഇടുക്കി സിറ്റിംഗ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഇടുക്കി സിറ്റിംഗ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ചെയർമാൻ അഡ്വ. എ.എ റഷീദ് ഹർജികൾ പരിഗണിച്ചു. ജില്ലയിലെ വന്യമൃഗആക്രമണങ്ങളിലും മുള്ളരിങ്ങാട് അമയൽത്തൊട്ടിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ യുവാവ് മരണപ്പെട്ട സംഭവത്തിലും സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഡിവിഷണൽ ഫോറസ്റ്റ് കൺസർവേറ്റർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധവി എന്നിവരോട് റിപ്പോർട്ട് തേടിയിരുന്നു. ജില്ലാകളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർ റിപ്പോർട്ടുകൾ സമർപ്പിച്ചെങ്കിലും വനംവകുപ്പ് അധികൃതർ റിപ്പോർട്ട് സമർപ്പിക്കുകയോ സിറ്റിംഗിൽ ഹാജരാവുകയോ, ഹാജരാകാത്തതിന് കാരണം വ്യക്തമാക്കുകയോ ഉണ്ടായില്ല. ഇതിൽ കമ്മീഷൻ കടുത്ത് അതൃപ്തി രേഖപ്പെടുത്തി. തിരുവനന്തപുരത്ത് കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ വനംവകുപ്പ് അധികൃതർ നേരിൽ ഹാജരായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വനംവകുപ്പ് സെക്രട്ടറിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഇമ്പിച്ചിബാവ ഭവനനിർമ്മാണ പദ്ധതിയിൽ നിന്നും വീടിന്റെ അറ്റകുറ്റപ്പണികൾക്കായി ധനസഹായം ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിരുന്ന രാജകുമാരി സ്വദേശികൾക്ക് ധനസഹായം ലഭ്യമായിട്ടില്ലെന്ന് കാണിച്ച് കമ്മീഷന് മുമ്പാകെ സമർപ്പിച്ച ഹർജിയിന്മേൽ, അപേക്ഷകർക്ക് ധനസഹായം അനുവദിക്കുന്നതിന്, പരിഗണിക്കപ്പെടേണ്ടതിനർഹമായ മാനദണ്ഡങ്ങളില്ലാത്തതിനാലാണ് അപേക്ഷ നിരസിച്ചതെന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് ഹർജിയിന്മേലുള്ള തുടർ നടപടികൾ അവസാനിപ്പിച്ചു.
ഉപ്പുതുറ യൂണിയൻ ബാങ്കിൽ നിന്നുമെടുത്ത കാർഷിക വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ വായ്പ എഴുതി തള്ളണമെന്നാവശ്യപ്പെട്ട് മണിപ്പാറ സ്വദേശി സമർപ്പിച്ച ഹർജിയിന്മേൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി വായ്പ തിരിച്ചടവിൽ ആവശ്യമായ ഇളവുകൾ അനുവദിക്കണമെന്ന് ബാങ്ക് അധികൃതർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയതിനെ തുടർന്ന് വായ്പാ തിരിച്ചടവിൽ ഹർജികക്ഷിയുമായി നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയതായി ബാങ്ക് അധികൃതർ കമ്മീഷനെ രേഖാമൂലം അറിയിച്ചു. ധാരണാ പ്രകാരമുള്ള ഇളവുകൾ അനുവദിച്ച് വിഷയത്തിൽ എത്രയും വേഗം പരിഹാരം കാണാൻ ബാങ്ക് അധികൃതർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ 9746515133 എന്ന വാട്ട്സ്ആപ്പ് നമ്പറിലൂടെയും പരാതി സ്വീകരിക്കുന്നതാണെന്ന് ചെയർമാൻ അറിയിച്ചു.
What's Your Reaction?