എറണാകുളത്ത് മഞ്ഞപ്പിത്തം കൂടുന്നു; മുന്നറിയിപ്പ്

പുറത്തുനിന്നും ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Nov 21, 2024 - 15:29
 0  65
എറണാകുളത്ത് മഞ്ഞപ്പിത്തം കൂടുന്നു; മുന്നറിയിപ്പ്

എറണാകുളത്ത് മഞ്ഞപ്പിത്ത രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പ് നല്‍കി. പുറത്തുനിന്നും ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ നടത്തിയ പഠനത്തില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, തിളപ്പിക്കാത്ത പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണം ശീതളപാനീയങ്ങള്‍ എന്നിവയുടെ ഉപയോഗം, ശീതളപാനീയങ്ങളിലും മറ്റും വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധമല്ലാത്ത വെളളത്തില്‍ നിര്‍മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷം ഇതുവരെ എറണാകുളത്ത് 563 ഹെപ്പറ്റൈറ്റിസ് എ കേസുകള്‍ സ്ഥിരീകരിച്ചു. ശ്രീമൂലനഗരം, മലയാറ്റൂര്‍, പായിപ്ര, കിഴക്കമ്പലം, മട്ടാഞ്ചേരി, നെല്ലിക്കുഴി, കോതമംഗലം, നെടുമ്പാശ്ശേരി, കളമശ്ശേരി, വേങ്ങൂര്‍, ആവോലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍.

മഞ്ഞപ്പിത്തരോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ വ്യക്തിശുചിത്വം, ആഹാരശുചിത്വം, കുടിവെള്ളശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow