രാമക്കൽ വിലക്ക് നീക്കി തമിഴ്നാട്
മാലിന്യം മലമുകളിൽ ഉപേക്ഷിക്കരുതെന്ന ഉപാധിയോടെയാണ് വീണ്ടും കാനനപാത തുറന്നിരിക്കുന്നത്.
നെടുങ്കണ്ടം: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ രാമക്കൽമേട്ടിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് രാമക്കല്ലിൽ പോകാൻ ഇനി വിലക്കില്ല. പ്രധാന വ്യൂ പോയന്റിലേക്കുള്ള ട്രക്കിങ്ങിന് തമിഴ്നാട് ഏർപ്പെടുത്തിയിരുന്ന വിലക്കാണ് നീക്കിയത്. സംരക്ഷിത വനമേഖല പ്രദേശത്ത് സഞ്ചാരികൾ വൻ തോതിൽ പ്ലാസ്റ്റിക് അടക്കം മാലിന്യം തള്ളുന്നതിനെ തുടർന്നായിരുന്നു നിരോധനം. മാലിന്യം മലമുകളിൽ ഉപേക്ഷിക്കരുതെന്ന ഉപാധിയോടെയാണ് വീണ്ടും കാനനപാത തുറന്നിരിക്കുന്നത്.
കുറേ നാളായി ഇവിടെയെത്തുന്ന സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ രാമക്കൽ വ്യൂപോയന്റ് കാണാതെ നിരാശരായി മടങ്ങുകയായിരുന്നു. കേരള തമിഴ്നാട് അതിർത്തിയിൽ രാമക്കൽമേട്ടിലെ പ്രധാന ആകർഷണമാണ് രാമക്കൽ വ്യൂ പോയന്റ്, ചെങ്കുത്തായ പാ റക്കൂട്ടവും തമിഴ്നാടൻ കാർഷിക ഗ്രാമങ്ങളുടെ വിദൂര കാഴ്ചയും വീശിയടിക്കുന്ന കാറ്റും സഞ്ചാരികളെ വളരെ യധികം ആകർഷിക്കുന്നതാണ്. കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭാഗങ്ങൾ ഉൾപ്പെടുന്ന ഈ പ്രദേശത്തേക്കുള്ള പ്രവേശനം കഴിഞ്ഞ ആഗസ്ത് ആദ്യ വാരമാണ് തമിഴ്നാട് തടഞ്ഞത്. രാമക്കൽമേട്ടിലെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും സമയം ചെലവഴിക്കുന്നത് കുറവൻ-കുറത്തി പ്രതിമയുടെ സമീപമുള്ള പുൽമേട്ടിലും ആമക്കല്ല്, കാറ്റാടി പാടം തുടങ്ങിയ പ്രദേശങ്ങളിലുമാണങ്കിലും രാമക്കല്ലിലേക്ക് ട്രക്കിംഗ് ആഗ്രഹിച്ചെത്തുന്നവരും നിരവധിയാണ്.
What's Your Reaction?