ഡൽഹിയിലും "കഫേ കുടുംബശ്രീ"
ഡൽഹി :ഇന്ത്യ ഗേറ്റിൽ കേരളത്തിന്റെ രുചി വിളമ്പാൻ കുടുംബശ്രീ സംരംഭമായ ’കഫേ കുടുംബശ്രീ. 10 വർഷം മുൻപ് ഒന്ന് നടക്കാൻപോലുമാകാതെ തളർന്നുകിടന്ന കാലത്ത് ലീന സുരേന്ദ്രന്റെ മനസ്സുനിറയെ ഡൽഹി കാണാനുള്ള ആഗ്രഹമായിരുന്നു. 10 വർഷങ്ങൾക്കിപ്പുറത്ത് ഡൽഹിയിൽ ഇന്ത്യൻ പാർലമെന്റുൾപ്പെടുന്ന സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായ ഇന്ത്യ ഗേറ്റിൽ കേരളത്തിന്റെ രുചി വിളമ്പാൻ കുടുംബശ്രീ സംരംഭമായ ’കഫേ കുടുംബശ്രീ’യുമായി എത്തിയിരിക്കുകയാണ് ലീന. കൂട്ടിന് എം.ആർ.രഞ്ജിനിയുമുണ്ട്.
കുടുംബശ്രീ കാസർകോട് ജില്ലാമിഷന്റെ നേതൃത്വത്തിൽ 10 വർഷമായി ’സൽക്കാര’ എന്ന സംരംഭക യൂണിറ്റ് നടത്തുന്നയാളാണ് ലീന. എട്ടുവർഷമായി രഞ്ജിനിയുമുണ്ട് ഒപ്പം. വിവിധതരം ഭക്ഷ്യവിഭവങ്ങളും പലഹാരങ്ങളുമാണ് സൽക്കാരയിലൂടെ ഇവർ ഒരുക്കുന്നത്. കേരളത്തിനകത്തും പുറത്തും നിരവധി സരസ് മേളകളിലും ഇവർ രുചി വിളമ്പി. ഡൽഹിയിൽ ’കഫേ കുടുംബശ്രീ’യിലൂടെ ഭക്ഷണമൊരുക്കാനുള്ള കുടുംബശ്രീ സംസ്ഥാന മിഷന്റെ ക്ഷണം ഇരുകൈയും നീട്ടിയാണ് ഇവർ സ്വീകരിച്ചത്.
വ്യാഴാഴ്ചയാണ് ‘കഫേ കുടുംബശ്രീ’ പ്രവർത്തനം തുടങ്ങിയത്. രാവിലെ ഒൻപതുമുതൽ രാത്രി 11 വരെ സേവനം ലഭിക്കും. ചായ, കാപ്പി, എണ്ണക്കടികൾ, ജ്യൂസ് എന്നിവയാണ് ആദ്യഘട്ടത്തിൽ തയ്യാറാക്കുന്നത്. ഊണും ബിരിയാണി ഉൾപ്പെടെയുള്ള വിഭവങ്ങളും വരുംദിവസങ്ങളിൽ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.
What's Your Reaction?