"എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്.." ആ നാദം നിലച്ചിട്ട് 15 വർഷം
സംഗീതത്തിന്റെ ലോകത്തു നിന്നും സൈനോജ് യാത്രയായിട്ട് ഇന്ന് 15 വർഷം
പിറവം: "ഇവർ വിവാഹിതരായി" എന്ന ചിത്രത്തിലെ " എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്...'' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ മലയാള സംഗീതാസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര പിന്നണി ഗായകന്‍ സൈനോജ് ഓര്‍മ്മയായിട്ട് ഇന്ന് പതിനഞ്ച് വര്‍ഷം.
പിറവം കക്കാട് താണിക്കുഴിയില്‍ തങ്കപ്പന്‍ - രാഗിണി ദമ്പതികളുടെ മകനായ ടി.ടി. സൈനോജ് 2003-ല്‍ വിനയൻ സംവിധാനം ചെയ്ത 'വാർ & ലൗ' എന്ന ചിത്രത്തിലെ അർദ്ധ ക്ലാസിക് ഗാനമായ 'കണ്ണനെ തേടുന്ന രാധേ'...എന്ന ഗാനത്തിലൂടെ മോഹൻ സിത്താരയാണ് സൈനോജ് എന്ന ഗായകനെ സിനിമ ലോകത്തിന് പരിചയപ്പെടുത്തുന്നത്. '.ഓര്‍ക്കുക വല്ലപ്പോഴും എന്ന ചിത്രത്തില്‍ വയലാറിന്റെ 'താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു' എന്ന കവിത ആലപിച്ച് ശ്രദ്ധേയനായി. 'ഇവര്‍ വിവാഹിതരായാല്‍' എന്ന സിനിമയിലെ "എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്..." സൈനോജ് എന്ന ഗായകനെ കൂടുതല്‍ പ്രശസ്തനാക്കി. അതിനു ശേഷം കെമിസ്ട്രി ,ജോണ്‍ അപ്പാറാവു , ഫോര്‍ട്ടി പ്ലസ്സ് (തെലുങ്ക്) എന്നീ ചിത്രങ്ങളില്‍ പാടി. കൈരളി ചാനലിലെ 'സ്വര ലയ ഗന്ധര്‍വ്വ സംഗീതം' 2002 ലെ സീനിയര്‍ വിഭാഗം ജേതാവായിരുന്നു. നിരവധി ആല്‍ബങ്ങ ളില്‍ പാടിയിട്ടുണ്ട്. ജീവന്‍ ടി. വി. യില്‍ നാലു മണിപ്പൂക്കള്‍ എന്ന ലൈവ് പരിപാടിയുടെ അവതാരക നായിരുന്നു.കെമിസ്‌ട്രി എന്ന ചിത്രത്തിനുവേണ്‌ടിയാണ് സൈനോജ് അവസാനമായി പാടിയത്.
ആറാം ക്ളാസ്സ് മുതല്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ സൈനോജ്, കര്‍ണാടക സംഗീതത്തില്‍ ദേശീയ സ്‌കോളര്‍ഷിപ്പ് നേടിയിട്ടുണ്ട്. മാവേലിക്കര പി. സുബ്രഹ്മണ്യത്തിന്റെ കീഴിലായിരുന്നു പരിശീലനം. പിറവം നെച്ചൂര്‍ രതീശനായിരുന്നു ആദ്യ ഗുരു. തുടര്‍ന്ന്, പാലക്കാട് ചിറ്റൂര്‍ കോളേജിലായിരുന്നു വിദ്യാഭ്യാസം. കോളേജില്‍ പഠിക്കുമ്പോള്‍ മൂന്നുതവണ കാലിക്കറ്റ് സര്‍വകലാശാല യുവജനോത്സവത്തില്‍ കലാപ്രതിഭയായി. ചിറ്റൂർ ഗവ: കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ സൈനോജ് ആൾ ഇന്ത്യാ റേഡിയോ നടത്തിയ മത്സരത്തിൽ ലളിത ഗാനത്തിലും ഗസൽ ആലാപനത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാറിന്റെ കർണാടിക് സംഗീതത്തിനുള്ള സ്കോളർഷിപ്പും നേടി. കൈരളി ചാനൽ നടത്തിയ ഗന്ധർവസംഗീതം 2002 മത്സരത്തിൽ വിജയി ആവുന്നതിലൂടെയാണ് സൈനോജ് സംഗീതാസ്വാദകരുടെ ശ്രദ്ധയിലേക്ക് വരുന്നത്.
സ്റ്റേജ് പരിപാടികളിലൂടെ ഗള്‍ഫ് പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനായ ഈ കലാകാരന്റെ അകാലത്തിലുള്ള വേര്‍പാട് പ്രവാസി മലയാളികളായ സംഗീതാ സ്വാദകരേയും ഏറെ വിഷമിപ്പിക്കുന്നതായിരുന്നു. ഗള്‍ഫിലെ സ്റ്റേജ് പരിപാടി കഴിഞ്ഞ്, തിരിച്ച് നാട്ടില്‍ എത്തിയതിനു ശേഷമാണ് ശാരീരികാ സ്വാസ്ഥ്യത്തെ തുടര്‍ന്ന് പിറവത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ രക്ത പരിശോധ നയിലാണ് രക്താര്‍ബുദം കണ്ടെത്തിയത്. രക്താര്‍ബുദത്തെ തുടര്‍ന്നുണ്ടായ മസ്തിഷ്‌കാഘാതം മൂലം 2009 നവംബർ 22 ന് മരണത്തിന് കീഴടങ്ങി. '' എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്...'' എന്ന ആ ഒരൊറ്റ ഗാനത്തിലൂടെ സൈനോജ് അനശ്വരനായി കേള്‍വിക്കാരുടെ ഹൃദയത്തില്‍ എന്നുമെന്നും, ഉണ്ടാവും.
What's Your Reaction?